പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് മറുപടി

പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് മറുപടി
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് സമര്‍ഥനാണ്, അതിനാല്‍ ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.

ട്രംപിന്റെ പ്രതികരണം പങ്കുവെച്ച ഒരു എക്‌സ് ഹാന്‍ഡില്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡി.ഒ.ജി.ഇ- ഡോജ്) എന്ന പേര് മസ്‌കിന് നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് റീ ട്വീറ്റ് ചെയ്ത മസ്‌ക്, അനുയോജ്യമായ പേര് എന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ, ഡോജ് എന്ന് രേഖപ്പെടുത്തിയ പോഡിയത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്, ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മസ്‌ക് എക്‌സിലൂടെ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായ മീമാണ് ഡോജ്. ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമാണ്.

ഡോണള്‍ഡ് ട്രംപിന് പരസ്യ പിന്തുണയുമായി ഇലോണ്‍ മസ്‌ക് നേരത്തെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മാസവും 45 മില്യന്‍ യുഎസ് ഡോളര്‍ നല്‍കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

നേരത്തെ, പെനിസില്‍വാനിയയിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചിരുന്നു. കോടീശ്വരനായ നെല്‍സണ്‍ പെല്‍റ്റ്സിന്റെ ഫ്‌ലോറിഡയിലെ വസതിയില്‍ വച്ച് നടന്ന ചടങ്ങിനിടെ ഇരുവരും അടുത്തിടെ കണ്ടുമുട്ടിയിരുന്നു.

Other News in this category



4malayalees Recommends