ഗാസ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്ത്. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം ഇസ്രായേല്‍ ഈ ആവശ്യം അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ചയാണ് ജോ ബൈഡന്‍ ആവശ്യമുന്നയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത സംസാരത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കിയത്.
ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡന്‍ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളില്‍ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൗസ് വിശദമാക്കി. മധ്യേഷ്യയിലേക്കുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയോടെ ബൈഡന്‍ വെടിനിര്‍ത്തലിന്റെ അവശ്യകത വിശദമാക്കിയത്. തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ഇസ്രയേല്‍ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കന്‍ വിശദമാക്കിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവുമായി ജെറുസലേമില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത്.