അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് സര്‍വേ. മത്സര രംഗത്തേക്ക് വൈകിയെത്തിയ കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ആശ്വാസമാകുന്നതും അതേസമയം തന്നെ നെഞ്ചിടിപ്പേറ്റുന്നതുമായ സര്‍വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോയിറ്റേഴ്സ്-ഇപ്സോസ് പോള്‍ നാല് പോയിന്റിന്റെ മേല്‍ക്കൈ കമല ഹാരിസിന് പ്രവചിക്കുമ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പോള്‍ പ്രവചിക്കുന്നത്.
റോയിട്ടേഴ്സ് സര്‍വേയില്‍ കമല ഹാരിസിന് 45 ശതമാനം പിന്തുണയാണ് പ്രവചിക്കുന്നത്. ട്രംപിന് 41 ശതമാനം പേരുടെ പിന്തുണയുണ്ട്. വാള്‍സ്ട്രീറ്റ് ജേണല്‍ പോള്‍ പ്രകാരം 48 ശതമാനമാണ് കമല ഹാരിസിനുള്ള പിന്തുണ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 47% പേരുടെ പിന്തുണയാണുള്ളത്. സര്‍വേ ഫലത്തില്‍ 2.5 ശതമാനം പിഴവ് സാധ്യതയുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ അവസാനം പുറത്തു വന്ന റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേയില്‍ ഒരു പോയിന്റിന്റെ ലീഡാണ് കമല ഹാരിസിന് ഉണ്ടായിരുന്നത്. അതേസമയം ജോ ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്ന ജൂണ്‍ ആദ്യ ആഴ്ചയില്‍ 8 ശതമാനം പോയിന്റുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപായിരുന്നു മുന്നില്‍. ആദ്യ സംവാദത്തിലെ വീഴ്ചയും പിന്നീടുണ്ടായ നാക്കുപിഴകളും ബൈഡന്റെ പിന്തുണയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.
ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്നുള്‍പ്പെടെ ബൈഡന്‍ മത്സര രംഗത്ത് നിന്ന് മാറണമെന്ന ആവശ്യവും ഇതിന് പിന്നാലെ ശക്തമായി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യത ഏറെക്കുറെ ഇല്ലാതായ ഘട്ടത്തിലായിരുന്നു ഇത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പല പേരുകളും ഉയര്‍ന്നുവരികയും ചെയ്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഈ സാഹചര്യങ്ങള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ മത്സര രംഗത്തുനിന്ന് പിന്മാറുകയും നിലവില്‍ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത്.