ട്രാഫിക് നിയമലംഘകര്‍ക്ക് നിലവിലുള്ള പിഴയും കുടിശ്ശികയും നല്‍കാതെ സെപ്റ്റംബര്‍ ഒന്നുമുതല്‍ കര, വായു, കടല്‍ അതിര്‍ത്തികളിലൂടെ ഖത്തറില്‍ നിന്ന് പുറത്തുപോകാന്‍ കഴിയില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ട്രാഫിക് പിഴയും കുടിശ്ശികയും മെട്രാഷ്-2 ആപ്ലിക്കേഷന്‍, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ്, ട്രാഫിക് വിഭാഗം ഓഫീസുകള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ അടയ്ക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ച പിഴ ഇളവ് ഇന്ന് ഓഗസ്റ്റ് 31ഓടെ അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 50 ശതമാനം ഇളവോടെ ട്രാഫിക് പിഴ അടക്കാനുള്ള അവസരമാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച ഇളവ് മൂന്നു മാസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. നിലവിലെ അവസരം ഉപയോഗപ്പെടുത്തി ആകെ പിഴയുടെ പകുതി തുക മാത്രം അടച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. നാളെ മുതല്‍ പിഴത്തുകയും കുടിശ്ശികയും മുഴുവനായും അടയ്‌ക്കേണ്ടിവരും.