ഹരിയാനയിലെ ഫരീദാബാദില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തി. ഓഗസ്റ്റ് 23 ന് നടന്ന ആക്രമണത്തില്‍ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപമാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആര്യന്‍ മിശ്ര, സുഹൃത്തുക്കളായ ഷാങ്കി, ഹര്‍ഷിത്ത് എന്നിവര്‍ പ്രദേശത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു.
പശുക്കടത്ത് നടത്തുന്ന ചിലര്‍ നഗരത്തില്‍ നിന്ന് കന്നുകാലികളെ കാറില്‍ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചുവെന്നും വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കാര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന പ്രതികള്‍ കാറിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുപ്പത് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.
അതേസമയം കാറിലുള്ളവര്‍ക്ക് പശുക്കടത്തുമായി ഒരു ബന്ധവുമില്ല എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും നിയമവിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.