ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ഇളവുകള്‍ ; നിര്‍ദ്ദേശത്തിന് മന്ത്രിസഭാ അംഗീകാരം
സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ഇളവുകളും വിട്ടുവീഴ്ചകളും നല്‍കുന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അവശ്യ ഘട്ടത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യാനും തൊഴില്‍ സമയത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതുമായ സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡവലപ്‌മെന്റ് ബ്യൂറോയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്.
പുതിയ തൊഴില്‍ നിര്‍ദ്ദേസങ്ങള്‍ സെപ്തംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും.
രാവിലെ 7 മുതല്‍ 2 വരെയായി ദിവസവും ഏഴു മണിക്കൂറാണ് സര്‍ക്കാര്‍ മേഖലയിലെ ജോലി സമയം. അവശ്യ ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് രാവിലെ 6.30 നും 8.30നുമിടയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനം അനുവദിക്കും. ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കണമെന്ന് മാത്രം. വൈകല്യം. മെഡിക്കല്‍ കാരണങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ജോലി സമയം രണ്ട് മണിക്കൂര്‍ കുറക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. 30 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒരാള്‍ക്ക് വര്‍ഷം ഒരാഴ്ച മാത്രമാകും വര്‍ക്ക് ഫ്രം ഹോം നല്‍കുക.12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാം.