കാനഡ പൊലീസിന്റെ കാറിന് മുകളില്‍ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബ്രാംപ്ടണില്‍ നിന്നുള്ള പഞ്ചാബ് സ്വദേശി രമണ്‍പ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്.
മിസുസാഗയിലെ ടിം ഹോര്‍ട്ടണ്‍സ് ഡ്രൈവ്-ത്രൂവില്‍ പൊലീസ് വാഹനങ്ങള്‍ക്ക് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമിച്ചതിന് അര ഡസന്‍ കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്. മോഷ്ടിച്ച വാഹനം പൊലീസ് കാറിന് മുകളിലൂടെ ഓടിക്കാന്‍ ശ്രമിക്കുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
സംശയാസ്പദമായ വാഹനം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് ഗോര്‍വെ ഡ്രൈവിന് സമീപമുള്ള വെസ്റ്റ്വുഡ് മാള്‍ ഏരിയയിലേക്ക് വരികയും മോഷ്ടിച്ച വാഹനം കണ്ടെത്തുകയുമായിരുന്നു. ഡ്രൈവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അക്രമിയെ തോക്ക് ചൂണ്ടി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.