സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. കമ്പനിയിലെ മുന്‍ ജൂനിയര്‍ ജീവനക്കാരനാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാളുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കമ്പനിക്ക് പുറത്തുള്ള ഒരു ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തി നിയമപരമായ നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് സ്വിഗ്ഗി. സര്‍ക്കാരിന് സമര്‍പ്പിച്ച 2023-2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വെട്ടിപ്പിനെ കുറിച്ച് സ്വിഗ്ഗി വിശദീകരിക്കുന്നത്. അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്രയും തുക വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്.
എന്നാല്‍ ഒരു ജൂനിയര്‍ ജീവനക്കാരന്‍ ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത കമ്പനിയുടെ കോര്‍പറേറ്റ് ഭരണ സംവിധാനത്തെക്കുറിച്ചും അതിന്റെ കാര്യക്ഷമതയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2350 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 44 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2023-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 4179 കോടി രൂപയായിരുന്നു. വരുമാനത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം 36 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കമ്പനിയുടെ ചെലവ് 13,947 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 8% കുറവാണ്.