ആഡംബര വാഹനം ഇടിച്ച് പിതാവും മകളും മരിച്ച സംഭവം ; വിവാദമായ സംഭവത്തില്‍ കുടുംബം മാപ്പു നല്‍കിയതോടെ വാഹനമോടിച്ച സ്ത്രീയ്ക്ക് ജാമ്യം
ആഡംബര വാഹനം ഇടിച്ച് പിതാവും മകളും മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച സ്ത്രീയ്ക്ക് മാപ്പ് നല്‍കി മരിച്ചവരുടെ ബന്ധുക്കള്‍. പാകിസ്താനിലെ സമ്പന്ന വ്യവസായ കുടുംബത്തില്‍ നിന്നുള്ള നടാഷ ഡാനിഷ് ഓടിച്ച വാഹനം ഇടിച്ചാണ് ദരിദ്ര കുടുംബത്തില്‍ നിന്നുള്ള പിതാവും മകളും മരിച്ചത്. സംഭവം നടന്നതിന് ശേഷം ആളുകൂടുകയും പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെ പരിഹാസച്ചിരിയോടെ നിന്ന നടാഷയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിരല്‍ ചൂണ്ടിക്കൊണ്ട് തന്റെ പിതാവാരാണെന്ന് അറിയില്ലെന്ന അവരുടെ വാക്കുകളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ കുറ്റബോധമില്ലാതെയുള്ള നടാഷയുടെ പ്രതികരണമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
കറാച്ചിയിലുണ്ടായ അപകടത്തില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ച മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ഓഗസ്റ്റ് 19നായിരുന്നു അപകടം. ഇമ്രാന്‍ ആരിഫും മകള്‍ അംന ആരിഫും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. കടകളില്‍ പേപ്പറുകള്‍ വിറ്റാണ് ഇമ്രാന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു മകള്‍ അംന.
അപകടത്തില്‍ പൊലീസ് കേസെടുത്തെങ്കിലും കോടതിയില്‍ വിചാരണ നേരിടാനിരിക്കെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അള്ളാവുവിന്റെ നാമത്തില്‍ വാഹനമോടിച്ചയാള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് മരിച്ചവരുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ പ്രതിനിധീകരിച്ച് ബാരിസ്റ്റര്‍ ഉസൈര്‍ ഘൌരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് മാപ്പ് നല്‍കിയെന്ന് അറിയിച്ച് ആരിഫിന്റെ കുടുംബം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതോടെ പ്രതിക്ക് കേസില്‍ ജാമ്യം ലഭിച്ചു.