കരിപ്പൂരില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളിയെന്ന് ആരോപണം, കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വര്‍ണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പൊലീസ് പിടിച്ചത്. രണ്ടര വര്‍ഷത്തിനിടെ പിടിച്ചത് 150 കിലോ സ്വര്‍ണമാണ്. ഇതില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സ്വര്‍ണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അന്‍വര്‍ ഇന്നലെ ഉന്നയിച്ചിരുന്നു.
കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെനന്നായിരുന്നു പി വി അന്‍വറിന്റെ ആരോപണം. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടിച്ചത്. എന്നാല്‍ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആര്‍പിസി പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വര്‍ണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റര്‍ ചെയ്യണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഇടിമുറിയുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മര്‍ദ്ദിക്കാനും ആണ് ഇടിമുറി പ്രവര്‍ത്തിക്കുന്നത്. സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോള്‍ പ്രത്യേക സ്‌ക്വാഡില്‍ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇടിമുറിയില്‍ ഇപ്പോഴും യാത്രക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിക്കുന്നത്.
സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോള്‍ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാര്‍. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിക്കാന്‍ ശുപാര്‍ശ ചെയ്തതും സുജിത്ത് ദാസ് തന്നെ. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് അനുമതിയില്ലാതെ പ്രവേശനവും ഇല്ല. നൂറിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ഇടിമുറിയില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ പരാതിയുമായി എത്തുന്നവരെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് പരാതി ഇല്ലാതാക്കുകയാണ് പതിവ്.സുജിത്ത് ദാസിനെതിരായ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം നിയോഗിച്ച ഗുണ്ടാ പൊലീസുകാര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.