പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍ ചൂടുകാപ്പി ഒഴിച്ച വിദേശിയ്ക്കായുള്ള അന്വേഷണം ക്വീന്‍സ്ലാന്‍ഡ് പൊലീസ് ഊര്‍ജ്ജിതമാക്കി. 33 കാരനായ ഇയാള്‍ രാജ്യം വിട്ടെന്നാണ് നിഗമനം. സിഡ്‌നി എയര്‍പോര്‍ട്ട് വഴി ഇയാള്‍ അതിര്‍ത്തി കടന്നതായി ക്വീന്‍സ്ലാന്‍ഡ് പൊലീസ് അറിയിച്ചു
ഇയാള്‍ക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്ത് 27ന് ബ്രിസ്ബനിലെ പാര്‍ക്കില്‍ വച്ചാണ് 9മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പൊള്ളലേറ്റത്.
പാര്‍ക്കിലിരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റെയും സമീപത്തേക്ക് ഒരാള്‍ നടന്നെത്തി ഒരു പ്രകോപനവുമില്ലാതെ കുഞ്ഞിന്റെ ശരീരത്തിലേക്ക് ചൂടു കാപ്പി ഒഴിക്കുകയായിരുന്നു.
സിസിടിവിദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ട് ഇയാള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
കൈകളിലും കാലുകളിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഒന്നിലേറെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയുള്ള ബോധപൂര്‍വ്വമായുള്ള പ്രവര്‍ത്തിയായിരുന്നു ഇതെന്നാണ് പൊലീസും കരുതുന്നത്. പ്രതിയ്ക്കായി അന്വേഷണം തുടരുകയാണ്.