സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാന്‍ ശ്രമം. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് സൈബര്‍ തട്ടിപ്പിന് ശ്രമം നടന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു.
സിബിഐ, സുപ്രീംകോടതി രേഖകള്‍ അയച്ചു നല്‍കിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. തലനാരിഴ്ക്കാണ് ജെറിക്ക് പണം നഷ്ടമാകാതിരുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്‍കി.
ദിവസവും ഇത്തരം തട്ടിപ്പിന് ആളുകള്‍ ഇരയാവുന്നുവെന്നും കോടികള്‍ നഷ്ടപ്പെട്ടവര്‍ ഉണ്ടെന്നും ഫെഡറല്‍ ബാങ്ക് മാനേജര്‍ സജിനമോള്‍ പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്നവരെയാണ് ഇത്തരം സംഘം ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.