കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് എനിക്കും സിനിമ നഷ്ടമായിട്ടുണ്ട്, എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ലെന്നും ഗോകുല്‍ സുരേഷ്
സിനിമയില്‍ കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാന്‍ തന്നെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗോകുല്‍ സുരേഷ് പറയുന്നു.
നടന്‍ നിവിന്‍ പോളിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോകുല്‍ സുരേഷ്. എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ലെന്നും കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാര്‍ക്ക് സിനിമകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാമെന്നും ഗോകുല്‍ പറഞ്ഞു.
അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് താനും കടന്ന് പോയിട്ടുണ്ടെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നും തനിക്ക് ആ സിനിമ നഷ്ടപ്പെട്ടുവെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതെന്നും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടാകുമെന്നും രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകുമെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.