നടന്‍ മോഹന്‍ലാലിനെതിരെ പലപ്പോഴും ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ് പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താരം മടിക്കുന്നുവെന്നും സംവിധായകര്‍ക്ക് മോഹന്‍ലാലിനോട് കഥപറയുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കണമെന്നതും. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
തന്നിലേക്ക് എത്തുന്നതിന് തടസങ്ങളൊന്നുമില്ലെന്നും പല പുതിയ സംവിധായകരുടെയും കഥകള്‍ താന്‍ കേള്‍ക്കുന്നുണ്ടെന്നും താരം പറഞ്ഞു.
പല സംവിധായകരും തന്നോട് കഥകള്‍ പറയാന്‍ വരാറുണ്ട്. എന്നാല്‍ അവയെല്ലാം മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പല കഥകളും. ഫ്രഷ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കില്ലേ എന്നും മോഹന്‍ലാല്‍ ചോദിച്ചു.