നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ തന്റെ ശത്രുവല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം, അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ രാഹുല്‍ പറഞ്ഞു.
'നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം പക്ഷേ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ വെറുക്കുന്നില്ല. മോദി എന്റെ ശത്രുവല്ല. മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല. എന്റേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. അതിനോട് ഞാന്‍ വിയോജിക്കുന്നു, എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല. അദ്ദേഹം എന്റെ ശത്രുവല്ല. അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം. അദ്ദേഹത്തിന്റേ കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പായാണ് ഞാന്‍ കാണുന്നത്. നീതിയുക്തമായ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റിനടുത്ത് എത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മോദി മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഗുജറാത്തില്‍ നീണ്ടകാലം അധികാരത്തിലിരുന്ന അദ്ദേഹം വീഴ്ച അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തും അദ്ദേഹത്തിന് പരാജയം അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍, പെട്ടന്നാണ് ആ ആശയം തകരാന്‍ തുടങ്ങിയത്. ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നിരവധി സംവാദ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു കഴിഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം അദ്ദേഹം വിവിധയിടങ്ങളില്‍ ചര്‍ച്ചാ വിഷയമാക്കി. ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനമാണ് പല വേദികളിലും രാഹുല്‍ ഉന്നയിച്ചത്.