ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയില്‍ പ്രിയങ്കരമാക്കിയിരുന്നു. ജോലിയ്ക്കായും വിദ്യാഭ്യാസത്തിനായും നിരവധി ആളുകളാണ് കാനഡയെ ആശ്രയിക്കുന്നത്. എന്നാല്‍ അവര്‍ക്കെല്ലാം തിരിച്ചടിയായേക്കാവുന്ന ഒരു തീരുമാനം കാനഡ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിര്‍ത്തികളില്‍ കൃത്യമായ രേഖകള്‍ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വര്‍ധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വര്‍ധിച്ചുവെന്നതാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിസകള്‍ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
ഈ നടപടികളുടെ ഭാഗമായി ജൂലൈയില്‍ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇവരില്‍ വിദ്യാര്‍ത്ഥികള്‍, ജോലി തേടിയെത്തിയവര്‍, ടൂറിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടും. ഈ വര്‍ഷം ആദ്യം മുതല്‍ക്കേ ട്രൂഡോ സര്‍ക്കാര്‍ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകള്‍ക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടിയേറ്റം വര്‍ധിക്കുന്നതില്‍ കാനഡയിലെ ജനങ്ങള്‍ക്കിടയില്‍ തന്നെ അതൃപ്തിയുണ്ട്. ഇത് കൃത്യമായി അഭിമുഖീകരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല എന്നതാണ് കുടിയേറ്റക്കാരുടെ നേര്‍ക്ക് വാതില്‍ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം. ഇതിനോടൊപ്പം രാജ്യത്തെ തൊഴില്‍ മേഖലയില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തേക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ നിലനില്‍പ്പ് ചോദ്യചിഹ്നമായേക്കും.
ഇത്തരത്തില്‍ കുടിയേറ്റ നിയന്ത്രണം ട്രൂഡോ കടുപ്പിക്കുമ്പോള്‍, അപ്പുറത്ത് ട്രൂഡോയുടെ സര്‍ക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ഒക്ടോബര്‍ 25നാണ്. ഇതിനിടെയാണ് ട്രൂഡോ സര്‍ക്കാരിന് മുന്നില്‍ പുതിയ പ്രതിസന്ധി.