ബെന്യാമിന്‍ നെതന്യാഹു കഴിവുകെട്ടവന്‍; ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ തിരികെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു; ഇസ്രയേലില്‍ വന്‍ പ്രതിഷേധം

ബെന്യാമിന്‍ നെതന്യാഹു കഴിവുകെട്ടവന്‍; ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ തിരികെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു; ഇസ്രയേലില്‍ വന്‍ പ്രതിഷേധം
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം രൂക്ഷമാകുന്നു. കഴിവുകെട്ട പ്രധാനമന്ത്രി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കാത്ത നെതനാഹ്യുവിനെതിരെ പതിനായിരക്കണക്കിന് ഇസ്രയേലികളാണ് ടെല്‍ അവീവിലും ജറുസലേമിലുമായി തെരുവിലിറങ്ങിയത്.

ഹമാസ് ബന്ദികളാക്കിയവരില്‍ ആറുപേരുടെ മൃതദേഹം റാഫയില്‍നിന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ ഞായര്‍ മുതല്‍ നടന്നുവരുന്ന പ്രതിഷേധം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായി മാറി. ഏഴരലക്ഷം ആളുകളാണ് ഇതുവരെ പ്രതിഷേധത്തിന്റെ ഭാഗമായത്. ടെല്‍ അവീവിലെ പ്രതിഷേധ റാലികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചുലക്ഷംപേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ രണ്ടരലക്ഷത്തോളം വരും.

ബന്ദി മോചനത്തിന് ഉടന്‍ കരാര്‍ ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിഷേധം പലയിടത്തും സംഘര്‍ഷമായി. ഇവരെ ഇസ്രയേല്‍ പൊലീസ് ബലം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.

ബന്ദികളുടെ കുടുംബാംഗങ്ങളുള്‍പ്പെട്ട സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ തിങ്കളാഴ്ച 'ഹിസ്റ്റഡ്രട്ട്' രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടത്തിയിരുന്നു. അപൂര്‍വമായി നടക്കുന്ന പൊതുപണിമുടക്കില്‍ അഞ്ചുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തു.




Other News in this category



4malayalees Recommends