'നിരന്തരം ശല്യം ചെയ്യുന്നു, സ്വകാര്യത മാനിക്കുന്നില്ല, മകനെയടക്കം വലിയ രീതിയില്‍ ബാധിക്കുന്നു. '; പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മുകേഷിനെതിരായ പരാതിക്കാരി

'നിരന്തരം ശല്യം ചെയ്യുന്നു, സ്വകാര്യത മാനിക്കുന്നില്ല, മകനെയടക്കം വലിയ രീതിയില്‍ ബാധിക്കുന്നു. '; പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മുകേഷിനെതിരായ പരാതിക്കാരി
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടനും എംഎല്‍എയുമായ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശം ചര്‍ച്ചയാകുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. ഉപദ്രവമാണ് നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പരാതിക്കാരി പറയുന്നു. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്.

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നിരന്തരമായി ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരികയാണ്. ഇത് മകനെയടക്കം വലിയ രീതിയില്‍ ബാധിക്കുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിധമാണ് ഇവരുടെ പെരുമാറ്റമെന്നും പരാതിക്കാരി ആരോപിക്കുന്നു. നേരത്തേ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു. ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എസ്പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Other News in this category



4malayalees Recommends