ഇത് ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചന.. പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം: നിവിന്‍ പോളി

ഇത് ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചന.. പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം: നിവിന്‍ പോളി
തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് നിവിന്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നല്‍കിയത്.

തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും താന്‍ നിരപരാധിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 3ന് ആണ് നിവിന്‍ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.

അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നിവിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബര്‍ 14ന് നിവിന്‍ പോളി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.

ഡിസംബര്‍ 14ന് ഷൂട്ടിംഗില്‍ നിവിന്‍ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടന്‍ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പീഡനം നടന്ന തിയ്യതി താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്.

2023 ഡിസംബര്‍ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നും പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

Other News in this category



4malayalees Recommends