ഗാസയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കാനഡ. ഗാസയില്‍ നടക്കുന്ന ക്രൂരതകളേയും മനുഷ്യത്വരഹിത പ്രവര്‍ത്തികളേയും കണ്ടുനില്‍ക്കാനാവില്ലെന്നും അതിനാല്‍ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെര്‍മിറ്റുകള്‍ റദ്ദാക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
കനേഡിയന്‍ നിര്‍മ്മിത ആയുധങ്ങളും യുദ്ധ സാമഗ്രികളും ഗാസയില്‍ ഉപയോഗിക്കരുതെന്നാണ് നയമെന്ന് മെലാനി ജോളി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന് പുതിയ ആയുധ പെര്‍മിറ്റുകള്‍ നല്‍കുന്നത് ജനുവരിയില്‍ കാനഡ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ മുമ്പ് നല്‍കിയ അനുമതികളുപയോഗിച്ച് ഇസ്രയേലിന് കാനഡയില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിരുന്നു. ആ അനുമതികളാണ് കാനഡ റദ്ദാക്കിയത്.
ഞങ്ങളുടെ ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗാസയിലേക്ക് അയയ്ക്കില്ല എന്നതാണ് ഞങ്ങളുടെ നയമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇസ്രയേലിന് ആയുധം വിതരണം നടത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളും പുനപരിശോധിക്കാന്‍ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. കാനഡ ഏറ്റവും കൂടുതല്‍ ആയുധ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.