വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന്‍ ദമ്പതികളുടെ മകനാണ് ജെന്‍സന്‍. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്‍സണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ജെന്‍സന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് എന്ത് നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന് ഉറപ്പാണ് നല്‍കാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. വയനാട് ദുരന്തത്തില്‍ ശ്രുതിക്ക് അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു. വിവാഹം ഡിസംബറില്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ കവര്‍ന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലളിതമായി വിവാഹം നടത്താനിരിക്കെയാണ് വിധി ജെന്‍സനെയും ശ്രുതിയില്‍ നിന്നകറ്റിയത്.