വിവാദമായി രാഹുല്‍ ഗാന്ധി- ഇല്‍ഹാന്‍ ഉമര്‍ കൂടിക്കാഴ്ച, കടുത്ത വിമര്‍ശനവുമായി ബിജെപി

വിവാദമായി രാഹുല്‍ ഗാന്ധി- ഇല്‍ഹാന്‍ ഉമര്‍ കൂടിക്കാഴ്ച, കടുത്ത വിമര്‍ശനവുമായി ബിജെപി
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തുന്ന ആര്‍എസ്എസ്- മോദി വിരുദ്ധ പ്രസംഗങ്ങള്‍ ബിജെപി നേതാക്കളെ ചെറിയ രീതിയില്‍ ഒന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് പോയാല്‍ രാജ്യത്തെ അപമാനിക്കുന്നത് രാഹുല്‍ ഗാന്ധി പതിവാക്കുകയാണെന്നാണ് അമിത് ഷാ ഇന്നലെ പ്രതികരിച്ചത്. ഇപ്പോഴിതാ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മിനസോട്ടയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ച ബിജെപി വന്‍ വിവാദമാക്കിയിരിക്കുകയാണ്.

ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ച കടുത്ത ഇന്ത്യാ വിരുദ്ധയെന്നാണ് ബിജെപിയുടെ ആരോപണം. ഇല്‍ഹാന്‍ ഉമര്‍- രാഹുല്‍ കൂടിക്കാഴ്ച ബിജെപിയെ ചൊടിപ്പിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വിവേചനത്തിനിരയാവുന്നു എന്ന കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആളാണ് ഇല്‍ഹാന്‍ ഒമര്‍. കേന്ദ്രസര്‍ക്കിനെതിരെയും ബിജെപിക്കെതിരെയും 2019 മുതല്‍ ഇല്‍ഹാന്‍ ഒമര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സൊമാലിയന്‍ വംശജയായ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. 2019ലായിരുന്നു ഇന്ത്യക്കെതിരായ ഇല്‍ഹാന്‍ ഒമറിന്റെ ആദ്യ വിമര്‍ശനം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ആഞ്ഞടിച്ച ഇല്‍ഹാന്‍, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശിച്ചു.

2022 ജൂണില്‍ ഇല്‍ഹാന്‍ ഒമര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ച അവര്‍ പാക് അധീന കശ്മീരില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ അവര്‍ ഇന്ത്യയുടെ കണ്ണിലെ കരടായി. ഇല്‍ഹാന്റെ നടപടി അപലപനീയമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

2022 ജൂണില്‍ മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ഇല്‍ഹാന്‍ പ്രമേയം അവതരിപ്പിച്ചു. 2023 ല്‍ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയപ്പോള്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. അന്ന് മോദിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് ഇല്‍ഹാന്‍ പ്രതിഷേധമറിയിച്ചു. 2023 ല്‍ സെപ്റ്റംബറില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണത്തിന് അമേരിക്ക പൂര്‍ണപിന്തുണ നല്‍കണമെന്ന് ഇല്‍ഹാന്‍ ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരേയും ഇല്‍ഹാന്‍ രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends