ഓണം റിലീസുകളെച്ചൊല്ലി മലയാള സിനിമയില്‍ പുതിയ വിവാദം. തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്റെ യുവതാരങ്ങള്‍ എത്തിയതിന് പിന്നാലെ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാം. ടൊവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു സോഷ്യല്‍ മീഡിയ വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ശക്തമായ പ്രതികരണവുമായി ഷീലു എബ്രഹാം എത്തിയിരിക്കുന്നത്.
ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങള്‍ ഒരുമിച്ച് വീഡിയോ പങ്കുവച്ചത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ വീഡിയോയ്ക്കെതിരെയാണ് ഷീലു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്. പവര്‍ ഗ്രൂപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദ്യചിഹ്നം ഉയര്‍ത്തിയ ഒരു കാര്‍ഡും ഷീലു പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷീലു അബ്രഹാമിന്റെ കുറിപ്പ്...
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , ''പവര്‍ ഗ്രൂപ്പുകള്‍ ''പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ ,നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്... എന്നാല്‍ ഞങ്ങളുടെ 'BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍ ..! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ.