പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാത്ത പക്ഷം എന്‍എച്ച്എസിന്റെ കഥ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി കീര്‍ സ്റ്റാര്‍മര്‍. ഹെല്‍ത്ത് സര്‍വ്വീസിന്റെ ആരോഗ്യം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.
ഹെല്‍ത്ത് സെക്രട്ടറിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വെസ് സ്ട്രീറ്റിംഗ് നിയോഗിച്ച അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍എച്ച്എസ് ഗുരുതരാവസ്ഥയിലാണെന്നാണ് മുന്‍ ലേബര്‍ മന്ത്രി കൂടിയായിരുന്ന ലോര്‍ഡ് ഡാര്‍സി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത്. ആശുപത്രികളില്‍ വന്‍തോതില്‍ പണം ചെലവഴിക്കുകയും, 15 വര്‍ഷത്തോളമായി രാജ്യത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ കണ്‍സര്‍വേറ്റീവുകളെ കുറ്റപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി. 212-ലെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ആക്ടിനെയാകും പ്രധാനമായും വിമര്‍ശിക്കുക. ഇത് വാസ്തവത്തില്‍ ദുരന്തം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
10 വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍എച്ച്എസ് പരിഷ്‌കാരങ്ങളാണ് പ്രധാനമന്ത്രി ഓഫര്‍ ചെയ്യുക. ഡിജിറ്റല്‍ എന്‍എച്ച്എസ് സൃഷ്ടിച്ച് സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം, ആശുപത്രികള്‍ക്ക് പുറത്തേക്കും, കമ്മ്യൂണിറ്റികളിലേക്കും ചികിത്സ എത്തിക്കുക, രോഗത്തെ ചികിത്സിക്കുന്നതിന് പകരം പ്രതിരോധത്തില്‍ ഊന്നുക എന്നിവയാണ് കീര്‍ സ്റ്റാര്‍മറുടെ പദ്ധതിയിലെ പ്രധാന ഭാഗങ്ങള്‍.