പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
അതേസമയം പ്രതിപക്ഷ ആരോപണത്തിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി. 2009ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനെ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച കാര്യം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രതികരണം.
'ജുഡീഷ്യറി സുരക്ഷിതമാണ്', മന്‍മോഹന്‍ സിങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല എക്സില്‍ കുറിച്ചു. എന്നാല്‍ ഗണേശ പൂജയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നു- 'ദൈവമേ ജുഡീഷ്യറി വിട്ടുവീഴ്ച ചെയ്തു', കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് ഷെഹ്സാദ് പൂനവല്ല കുറിച്ചു.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി സംബിത് പത്രയും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ഇഫ്താര്‍ വിരുന്നില്‍ കെജി ബാലകൃഷ്ണനൊപ്പം മന്‍മോഹന്‍ സിംഗ് പങ്കെടുത്തതിന് കുഴപ്പമില്ലേയെന്ന് അദേഹം ചോദിച്ചു. 'ഗണപതി പൂജയുമായി ബന്ധപ്പെട്ട് അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അവരുടെ ഭരണകാലത്ത് മന്‍മോഹന്‍ ജി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചില്ലേ? അതും ഒരു ഉത്സവം, ഈ ഗണപതി പൂജയും ഒരു ഉത്സവമാണ്, പിന്നെ എന്തിനാണ് ഈ വ്യത്യാസം? അദേഹം ചോദിച്ചു.