വിനോദ സഞ്ചാരത്തിന് ഒപ്പം ജോലിയും ; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വീസ ബാലറ്റുമാറ്റി ഓസ്‌ട്രേലിയ
ഇന്ത്യക്കാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കൊപ്പം ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിക്കുന്നത്.
വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ വഴി സഞ്ചാരികള്‍ക്ക് ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആസ്വദിക്കാനും ഒപ്പം തൊഴില്‍ ചെയ്ത് വരുമാനം നേടാനും അവസരമുണ്ട്. അതേസമയം തെരഞ്ഞെടുത്ത രാജ്യങ്ങള്‍ക്ക് മാത്രമേ ഈ പ്രോഗ്രാമില്‍ പങ്കാളികളാകാന്‍ കഴിയൂ. ബാലറ്റ് വഴിയാണ് ആദ്യ വര്‍ക്ക് ഹോളിഡേ വീസ അപേക്ഷകള്‍ തിരഞ്ഞെടുക്കുന്നത്. 25 ഓസ്‌ട്രേലിയന്‍ ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ഓണ്‍ലൈനായി അപേക്ഷിക്കാം.
18മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ആദ്യ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ അനുവദിക്കുന്നത്. വീസ ഉപയോഗിച്ച് അവധിക്കാലം ആസ്വദിക്കാനും തൊഴിലെടുക്കുവാനും നാലു മാസം വരെ രാജ്യത്ത് പഠിക്കാനും സാധിക്കും. കൂടാതെ ഓസ്‌ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും കഴിയും. നിലവില്‍ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ കൈവശമുള്ളവര്‍ക്കും രണ്ടാമത്തെ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസയ്ക്ക് ശ്രമിക്കാം.