യുവതിയെ കാര്‍ കയറ്റികൊന്ന സംഭവം; അപകട സമയം വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന നിര്‍ണായക വിവരം പുറത്ത്. അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതിന് ശേഷം കാര്‍ ശശീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെപോകുകയായിരുന്നു.
കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പറിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.
മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്. അപകട സമയം കാര്‍ അമിത വേഗത്തിലായിരുന്നു. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാര്‍ ശരീരത്തിലൂടെ കയറിയിറക്കി. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പതിനാറിന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് പിടികൂടി. അജ്മലിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടിയും കേസില്‍ പ്രതിയാണ്. അപകട ശേഷം കാര്‍ ഓടിച്ചു പോകാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസില്‍ പ്രതിയായതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.