കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, പി ജയരാജന്റെ ആരോപണം വിവാദത്തില്‍
കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സംഭവം വിവാദത്തില്‍. അടുത്ത മാസം പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി ജയരാജന്റെ മറുപടി. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുവെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുട ഭാഗമായിട്ടുണ്ട്. ഇന്ന് പൊളിറ്റിക്കല്‍ ഇസ്ലാം വലിയ പ്രശ്നമായി വരികയാണെന്നും കേരളത്തിലടക്കം ചില ചെറുപ്പക്കാര്‍ വഴിതെറ്റി പോയി ഇസ്ലമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
അതേസമയം കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ പോയി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അത് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ് കൊല്ലപ്പെട്ടതെന്നാണ് പി ജയരാജന്റെ പരാമര്‍ശം. അതേസമയം പുസ്തകത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാവുമെന്നും പി ജയരാജന്‍ പറഞ്ഞു. പ്രദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ പരാമര്‍ശം.