ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൃഷ്ണ ചിത്രങ്ങങ്ങള്‍ വരച്ച് ജനശ്രദ്ധ നേടിയ ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണ് ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ചത്.
നടപ്പന്തലില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ബിജെപി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.