കാനഡയിലെ ഇമിഗ്രേഷന്‍, റെഫ്യൂജിസ്,സിറ്റിസണ്‍ഷിപ്പ് (ഐആര്‍സിസി )വിഭാഗം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,27,700 പേര്‍ക്ക് മാത്രമാണ് പഠനാവശ്യങ്ങള്‍ക്കുള്ള അനുമതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 2,38,800 ആയിരുന്നു. 54 ശതമാനം ആണ് ഇടിവ്. ഈ വര്‍ഷം ഇത് വരെ 6,06,000 സ്റ്റഡി പെര്‍മിറ്റ് കാനഡ അനുവദിച്ചിട്ടുണ്ട്.
2023നെ അപേക്ഷിച്ച് 2024-ല്‍ പഠന അനുമതികളില്‍ 39% കുറവ് ഉണ്ടാകാനാണ് സാധ്യതയെന്ന് എജ്യൂടെക് കമ്പനിയായ അപ്ലൈബോര്‍ഡ് നടത്തിയ പഠനം സൂചിപ്പിക്കുന്നു. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് 114,000-ല്‍ താഴെ പഠന അനുമതികളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് ഏകദേശം 220,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍, 48% ആണ് ഇടിവ്.പ്രാദേശികമായി, അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയുമാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഒന്റാറിയോയില്‍ പോസ്റ്റ്-സെക്കന്‍ഡറി സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ 70% കുറവുണ്ടായപ്പോള്‍ ബ്രിട്ടീഷ് കൊളംബിയയില്‍ 49% ഇടിവ് രേഖപ്പെടുത്തി. ക്യൂബെക്ക് പോലുള്ള മറ്റ് പ്രദേശങ്ങളില്‍ വലിയ ഇടിവ് ഉണ്ടായിട്ടില്ല. നോവ സ്‌കോട്ടിയ, ന്യൂ ബ്രണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി.'കാനഡയിലെ പഠനം' എന്ന് ഗുഗിളില്‍ തിരയുന്നതിലും വലിയ ഇടിവുണ്ടായി. 2023-നെ അപേക്ഷിച്ച് 20% ആണ് കുറവ്.
പഠനം നടത്തുന്നതിന് മറ്റ് വിദേശ രാജ്യങ്ങളോടുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പര്യമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷം മുതല്‍ കാനഡയില്‍ എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ ജീവിത ചെലവിനായി അക്കൗണ്ടില്‍ 20,635 ഡോളര്‍ കാണിക്കണം. ഏതാണ് 13 ലക്ഷം രൂപ വരുമിത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 6.13 ലക്ഷം രൂപ അക്കൗണ്ടില്‍ കാണിച്ചാല്‍ മതിയായിരുന്നു. ഇതിന് പുറമേ കാനഡയിലെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്ന ചെലവും വലിയ തോതില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. പലരും വീടുകളുടെ ബേസ്‌മെന്റുകളില്‍ താമസിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാനഡയിലുടനീളം കുറഞ്ഞത് 3,45,000 വീടുകളുടെ കുറവുണ്ട്.