ഹിസ്ബുള്ളയുടെ താക്കീതിന് പിന്നാലെയും ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍, ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക

ഹിസ്ബുള്ളയുടെ താക്കീതിന് പിന്നാലെയും ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍, ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക
ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസറള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു. അതേസമയം ലെബനന്‍ അതിര്‍ത്തിയില്‍ നടന്ന ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ലെബനനിലെ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേല്‍ പോരില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക പറഞ്ഞിരുന്നു. വിഷയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പരാമര്‍ശം.

ഇസ്രയേല്‍ നടത്തിയ അക്രമണം എല്ലാ പരിമിതികളും ലംഘിച്ചുള്ളതാണെന്നും സുരക്ഷയ്ക്കും മാനവികതയ്ക്കുമേറ്റ വലിയ തിരിച്ചടിയാണെന്നും ഹസ്സന്‍ നസറള്ള പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. 450 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സ്‌ഫോടനത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിര്‍മാണഘട്ടത്തില്‍ മൊസാദ് പേജറുകള്‍ക്കുള്ളില്‍ മൂന്ന് ഗ്രാമോളം വരുന്ന സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends