കായംകുളം ചാരുംമൂട് സെന്‍ മേരീസ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ തള്ളി. സ്‌കൂളില്‍ വച്ച് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടീച്ചര്‍ മുഖത്തും കാലിലും അടിച്ചെന്നും കണ്ണ് വേദനിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞു. തനിക്ക് പേടിയാണെന്നും സ്‌കൂളില്‍ പോകേണ്ടെന്നും കുട്ടി ആവര്‍ത്തിച്ചു.
കയ്യില്‍ ചുവന്ന പാട് കണ്ടിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കയ്യിലല്ലേ അടിച്ചത് പോട്ടെ സാരമില്ലെന്ന് വിചാരിച്ചു. പിന്നെ നോക്കിയപ്പോഴാണ് കാലിലെ പാട് കണ്ടത്. ചോദിച്ചപ്പോള്‍ കവിളിലും നെറ്റിയിലും അടിച്ചെന്ന് പറഞ്ഞു. മുഖത്തടിച്ചു എന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും മുത്തശ്ശി പറഞ്ഞു.
അതേസമയം ആരോപണം സ്‌കൂള്‍ അധികൃതര്‍ പൂര്‍ണമായി തള്ളിയിട്ടുണ്ട്. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് കുട്ടിയുടെ മുത്തശ്ശി വാക്കാല്‍ പരാതി പറഞ്ഞിരുന്നു. ഓഗസ്റ്റ് 30ന് കുട്ടിയെ മായ എന്ന ടീച്ചര്‍ കവിളില്‍ അടിച്ചുവെന്നായിരുന്നു പരാതി. ഇത് ടീച്ചറെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ സാന്നിധ്യത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം. ക്ലാസില്‍ വെച്ച് വിദ്യാര്‍ത്ഥികളോടും സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും കുട്ടികളും സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടി ക്ലാസില്‍ മൂത്രമൊഴിച്ചുവെന്നും മറ്റുള്ളവര്‍ക്കു നേരെ തുപ്പിയെന്നും ചൂണ്ടിക്കാട്ടി മുത്തശ്ശിക്ക് സ്‌കൂളില്‍നിന്നും ഫോണ്‍ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് മുത്തശ്ശി കുട്ടിയെ വിളിച്ച് വീട്ടിലേക്ക് പോകുന്നത്. പോകുന്ന വഴിയില്‍ കുട്ടി ഉറക്കെ കരയുന്നുണ്ടായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കുട്ടി നാട്ടിലെത്തുന്നത്. മലയാളം അധികം അറിയാത്തതിനാല്‍ കുട്ടിയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. കരച്ചില്‍ നിര്‍ത്താതായെങ്കിലും കാരണം എന്താണെന്ന് മനസിലായില്ലെന്നും മുത്തശ്ശി പറഞ്ഞു. പിന്നീട് കുട്ടിയെ കുളിപ്പിക്കാനായി ഡ്രസ് അഴിച്ചപ്പോഴാണ് അടിയേറ്റ പാടുകള്‍ കണ്ടത്. പിന്നാലെ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. മുഖത്തുള്‍പ്പെടെ അടിയേറ്റെന്ന് കുട്ടി പറഞ്ഞതോടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സ്‌കൂള്‍ അധികൃതരോട് വിവരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുത്തശ്ശി തന്നെ കുട്ടിയെ അടിച്ചതാകാമെന്നും അത് മറച്ചുവെക്കാന്‍ ടീച്ചറെ പ്രതിചേര്‍ക്കുകയാണെന്നുമായിരുന്നു പ്രധാനാധ്യാപകന്റെ പ്രതികരണം.