പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഏതെങ്കിലും രാജ്യത്തില്‍ നിന്ന് റഷ്യയിലേക്ക് വന്‍തോതിലുള്ള വ്യോമാക്രമണം ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ ആണവ പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗണ്‍സിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പുടിന്റെ ഭീഷണി.
രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വന്‍തോതില്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നായിരുന്നു പുടിന്റെ പരാമര്‍ശം. യുക്രെയ്നുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെ ദീര്‍ഘദൂര പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയില്‍ ആഴത്തില്‍ലുള്ള ആക്രമണം നടത്താന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
റഷ്യയ്ക്കെതിരായ മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തില്‍ പങ്കാളിയായി കണക്കാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിന് സൈനിക പിന്തുണ നല്‍കുന്നതില്‍ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ നേരത്തെയും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം 'ന്യൂക്ലിയര്‍ ബ്ലാക്ക്മെയിലിംഗ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താന്‍ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണി വിലപ്പോകില്ല'- എന്നായിരുന്നു യുക്രയ്‌ന്റെ പ്രതികരണം. യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യയ്ക്കുള്ളിലെ ദീര്‍ഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാന്‍ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിര്‍മ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാന്‍ മാസങ്ങളായി അനുമതി തേടുകയാണ്.