ഹെലന്‍ അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റര്‍ വേഗതയിലാണ് ആഞ്ഞുവീശിയത്. യുഎസിലെ നാഷണല്‍ ഹരികെയിന്‍ സെന്റര്‍ (എന്‍എച്ച്‌സി) അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രളയത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മാറിതാമസിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഫ്‌ലോറിഡയിലെ അധികൃതര്‍ അറിയിച്ചു. ടാമ്പയിലെ ഹൈവേയില്‍ കാറിനു മേല്‍ സൈന്‍ ബോര്‍ഡ് പതിച്ച് ഒരാള്‍ മരിച്ചു. ബിഗ് ബെന്‍ഡ് തീരത്തുള്ള എല്ലാവരും അപകട മേഖലയിലാണെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിപ്പ് നല്‍കി. വീടുകള്‍ തകരാനും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. എട്ട് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം നഷ്ടമായി. ഫ്‌ലോറിഡയിലെ 8,32,000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു. ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, വിര്‍ജീനിയ, അലബാമ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാത്തിരിക്കാന്‍ ഇനി സമയമില്ലെന്ന് ഫ്‌ലോറിഡയിലെ മേയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേയര്‍ ജോണ്‍ ഡെയ്ലി അഭ്യര്‍ത്ഥിച്ചു. അറ്റ്‌ലാന്റയിലെ എല്ലാ വിദ്യാലയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അടച്ചിടും.
യുഎസില്‍ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാന്‍ ദ്വീപുകളുടെയും ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായി. മെക്‌സിക്കോയില്‍ കനത്ത മഴയും കാറ്റും കാരണം ചില റിസോര്‍ട്ടുകള്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ വലിപ്പമാണ്. ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്ന് 275 മൈല്‍ വരെ നീളുന്നു. അതിനാല്‍ തന്നെ ആഘാതവും കൂടുതലായിരിക്കും എന്നാണ് അറിയിപ്പ്.