കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്
കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിയോടെ ചൊക്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. രാവിലെ രാവിലെ എട്ടു മണി വരെ കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തിയ ശേഷം എലത്തൂര്‍, കൊയിലാണ്ടി വടകര, മാഹി എന്നീ സ്ഥലങ്ങളിലൂടെ വിലാപയാത്രയായി തലശ്ശേരി ടൗണിലെത്തും.

പത്തേ മുപ്പതു മുതല്‍ പന്ത്രണ്ട് മണി വരെയാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. പന്ത്രണ്ടു മുതല്‍ വൈകീട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുഷ്പന് അന്തിമോപചാരം അര്‍പ്പിക്കാം. ശേഷം വൈകുന്നേരം അഞ്ചു മണിയോടെ മേനപ്രം പുതുക്കിടി വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. പുഷ്പനോടുള്ള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

1994 നവംബര്‍ 25 ല്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ നേതാക്കളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം വി രാഘവന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് വെടിയേറ്റത്. ഇതോടെ പുഷ്പന്‍ പൂര്‍ണമായും കിടപ്പിലായി. ഈ സംഭവം നടക്കുമ്പോള്‍ പുഷ്പന് പ്രായം വെറും 24 വയസായിരുന്നു.

Other News in this category



4malayalees Recommends