ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ വധം 'ചരിത്രപരമായ വഴിത്തിരിവെന്ന്' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നസ്‌റല്ലയുടെ വധത്തിന് പിന്നാലെ ഇസ്രയേല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പൊതു സ്ഥലങ്ങളില്‍ കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പൊതു പരിപാടികള്‍ നിരോധിച്ചു. ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി.
ഹിസ്ബുല്ല ഭീകരര്‍ക്കെതിരെ മുഴുവന്‍ ശക്തിയുമെടുത്ത് പോരാടുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം പൂര്‍ത്തീകരിക്കാതെ ഇതില്‍ നിന്നും പിന്നോട്ടില്ല. റോക്കറ്റ് ആക്രമണം ഹിസ്ബുള്ള അവസാനിപ്പിച്ചേ മതിയാകൂ. അതുവരെ പ്രതിരോധം ശക്തമായി തന്നെ തുടരും. യുദ്ധം അവസാനിപ്പിച്ച് സമാധാനം തുടരാനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ കാര്യമായ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. നസ്‌റല്ലയെ അഭിനന്ദിച്ച് ഹിസ്ബുല്ല കുറിപ്പ് ഇറക്കി. ഇറാനില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. നസ്‌റല്ലയുടെ വധത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ തുറമുഖം ആക്രമിച്ചെന്ന് യെമനിലെ ഹൂതികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പായിരുന്നു ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് സുരക്ഷിത ഇടത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ നസ്‌റല്ലയുടെ വധം 'നീതിയുടെ നടപടി'യെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചു.