ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിനു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കി ഇസ്രയേല്‍. ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. വടക്കന്‍ ഇസ്രയേലില്‍ തുറന്ന സ്ഥലങ്ങളില്‍ പത്തു പേര്‍ക്കും അകത്ത് 150 പേരിലധികവും ഒത്തുചേരലുകള്‍ നടത്തെരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
തലസ്ഥാനമായ ടെല്‍ അവീവ് നഗരമുള്‍പ്പെടുന്ന മധ്യ ഇസ്രയേലില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിരോധിച്ചു. ആവശ്യം വന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ അറിയിക്കുമെന്ന് സൈനികവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹാഗാരി വ്യക്തമാക്കി.
ടെല്‍ അവീവിലേക്കുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. ചില സര്‍വീസുകള്‍ വൈകുകയുമാണ്. ഇന്നു വൈകുന്നേരം ആറുവരെയാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചതായി അറിയിച്ച് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിന്റെ തലവനായിരുന്ന ഹസ്സന്‍ ഖലീല്‍ യാസിന്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഹിസ്ബുള്ള മിസൈല്‍, ഡ്രോണ്‍ യൂണിറ്റുകളുമായി ഹസ്സന്‍ ഖലീല്‍ യാസിന്‍ അടുത്ത് പ്രവര്‍ത്തിച്ചിരുന്നെന്നുവെന്നും യുദ്ധത്തിന്റെ തുടക്കം മുതല്‍ സിവിലിയന്മാര്‍ക്കും സൈനികര്‍ക്കുമെതിരെ നടത്തിയ തീവ്രവാദ ഗൂഢാലോചനകളില്‍ വ്യക്തിപരമായി ഹസ്സന്‍ ഖലീല്‍ യാസിന്‍ പങ്കാളിയായിരുന്നുവെന്നും ഇസ്രായേല്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ യാസിന്‍ പദ്ധതിയിട്ടിരുന്നതായും ഇസ്രായേല്‍ അറിയിച്ചു.