മരിച്ചത് 22 വയസ്സില്‍; 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

മരിച്ചത് 22 വയസ്സില്‍; 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
വിമാന അപകടത്തില്‍ മരിച്ച് 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.

1968 ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. തോമസ് ചെറിയാനെ കാണാതാകുമ്പോള്‍ 22 വയസ്സ് മാത്രമാണ് പ്രായം.

1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണായിരുന്നു അപകടമുണ്ടായത്. വിമാന അപകടത്തില്‍ 102 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമായിരുന്നു കണ്ടെത്തിയത്.

2019 ലും 5 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന കിട്ടി. അതേസമയം 1968ലെ വിമാനാപകടത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും.

Other News in this category



4malayalees Recommends