അവാര്‍ഡ് കിട്ടിയപ്പോള്‍ പലരോടും ചാന്‍സ് ചോദിച്ചു, നായികയാക്കാന്‍ ആവില്ല എന്നാണ് കിട്ടിയ മറുപടി: സുരഭി ലക്ഷ്മി

അവാര്‍ഡ് കിട്ടിയപ്പോള്‍ പലരോടും ചാന്‍സ് ചോദിച്ചു, നായികയാക്കാന്‍ ആവില്ല എന്നാണ് കിട്ടിയ മറുപടി: സുരഭി ലക്ഷ്മി
ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' 100 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നീ തെന്നിന്ത്യന്‍ നായികമാരും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ നേടിയത് സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം എന്ന നായികാ കഥാപാത്രമാണ്. തന്റെ റോളിനെ കുറിച്ച് സുരഭിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പലരും തന്നെ നായികയാക്കാന്‍ പറ്റില്ല എന്ന് മുമ്പ് പറഞ്ഞിരുന്നുവെന്നാണ് സുരഭി വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം തൊട്ടേ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുള്ള റോളുകള്‍ ചെയ്തതു കൊണ്ട് ആളുകളുടെ മനസില്‍ സ്‌ക്രീന്‍ ഏജ് കുറച്ച് കൂടുതലാണ്. അവാര്‍ഡ് കിട്ടിയ ശേഷം ചാന്‍സ് ചോദിച്ച് പലരേയും ബന്ധപ്പെട്ടിരുന്നു.

നായികയാക്കാന്‍ ആവില്ല എന്നാണ് കിട്ടിയ മറുപടി. പക്ഷേ അവിടെയാണ് ജിതിന്‍ ലാല്‍ വ്യത്യസ്തനാവുന്നത്. ഇങ്ങനെയൊരു കഥാപാത്രം എന്നെ അദ്ദേഹം ആത്മവിശ്വാസത്തോടെ ഏല്‍പ്പിച്ചു. ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തിന് വന്നു. ടൊവിനോയുടെ കഴിവുകള്‍ ഇത്രയേറെ പുറത്തുകൊണ്ടുവന്ന വേറൊരു സംവിധായകനില്ല.

നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുക എന്നത് മാത്രമേ ഓരോ സിനിമയിലും ഞാന്‍ ചെയ്തിട്ടുള്ളൂ.

നായികയ്ക്കപ്പുറം ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന നടിയെന്ന നിലയില്‍ വളരാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത് എന്നാണ് സുരഭി ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Other News in this category



4malayalees Recommends