കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കാര്യങ്ങള്‍ നേരെ കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നുവെന്ന് വേണം പറയാന്‍. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ളവര്‍ ഇന്ന് വിവിധ തരത്തിലുള്ള വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ജീവിത ചിലവ് വലിയ തോതില്‍ വര്‍ധിച്ചതാണ് കാനഡയില്‍ വസിക്കുന്നവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്ക് പോലും മാന്യമായ രീതിയില്‍ ജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നതിന് നിരവധി ഉദാഹാരണങ്ങള്‍ കാനഡയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീക്ക് ഒരു വര്‍ഷം ലഭിക്കുന്ന ശമ്പളം 60 ലക്ഷത്തോളം രൂപയാണ്. അതായത് മാസം അഞ്ച് ലക്ഷത്തോളം രൂപ. നാട്ടിലെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത്രയധികം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കാനഡയില്‍ സുഖപ്രദമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇത്രയും ശമ്പളം ഇന്ത്യയിലായിരുന്നു ലഭിക്കുന്നതെങ്കില്‍ ആഢംബരപൂര്‍ണ്ണമായ ജീവിതത്തിനൊപ്പം വലിയ തുക നിക്ഷേപമായി മാറ്റാനും അവര്‍ക്ക് കഴിയുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കാനഡയിലെ സാഹചര്യം അതല്ല. ഉയര്‍ന്ന വീട്ടു വാടക, ഉയര്‍ന്ന തോതിലുള്ള ദൈനംദിന ചിലവുകള്‍, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, നികുതി തുടങ്ങിയ വിവിധ ഘടകങ്ങളാണ് കാനഡയിലെ ജീവിത ചിലവ് ഉയര്‍ത്തുന്ന പ്രധാന ഘടകം. അടുത്തകാലത്തായി വര്‍ധിച്ച പണപ്പെരുപ്പവും കാനഡയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാക്കി. കാനഡയിലെ ടിഡി ബാങ്കില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സ്ത്രീ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അവര്‍ക്ക് 95,000 ഡോളര്‍, അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ വര്‍ഷം 60 ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. പിയൂഷ് മോംഗ എന്ന വ്യക്തിയുടെ സാലറിസ്‌കെയില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ തുറന്ന് പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാനഡയില്‍ ജീവിച്ച് വരികയാണ് വീഡിയോയില്‍ കാണുന്ന സ്ത്രീ. ഈ കാലയളവിനുള്ളില്‍ കാനഡയിലെ ജീവിതച്ചിലവ് ഏതൊക്കെ തരത്തിലാണ് വര്‍ധിച്ചതെന്ന് യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഓരോ വസ്തുവിന്റെയും കാര്യത്തിലുണ്ടായിരുന്ന വില വര്‍ധനവ് യുവതി എണ്ണിയെണ്ണി പറയുന്നു. 'മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ വരുമ്പോള്‍ ബട്ടറിന്റെ വില നാല് ഡോളറിന്റെ അടുത്തായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അത് നേരെ ഇരട്ടിയായി. ഇന്ന് അതേ അളവിനുള്ള ബട്ടറിന് എട്ട് ഡോളറോളം നല്‍കണം. ഇത്തരത്തില്‍ എല്ലാ തരത്തിലും കാനഡയില്‍ ജീവിത ചിലവ് വര്‍ധിച്ചു' യുവതി പറയുന്നു. ടൊറന്റോയിലാണ് ഞാന്‍ താമസിക്കുന്നത്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമുള്ള വീടിന് മാസവാടകയായി നല്‍കേണ്ടത് 1600 ഡോളറാണ്. ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ ഇത് ഏകദേശം 1.34 ലക്ഷം രൂപയാണെന്നും യുവതി വ്യക്തമാക്കുന്നു. ഇത്രയും ശമ്പളം ലഭിക്കുന്നവര്‍ക്ക് കാനഡയില്‍ മാന്യമായ രീതിയില്‍ ജീവിച്ച് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതില്‍ കുറവ് ശമ്പളം ലഭിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ കഷ്ടമായിരിക്കുമല്ലോ എന്ന് തുടങ്ങിയ കമന്റുകള്‍ ഈ വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും.