താജ് ഭീകരാക്രമണത്തില്‍ ധൈര്യത്തോടെ നിന്ന രത്തന്‍ ടാറ്റ ; ജീവനക്കാരെ ചേര്‍ത്തു പിടിച്ചു... ഒടുവില്‍ മനുഷ്യസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി

താജ് ഭീകരാക്രമണത്തില്‍ ധൈര്യത്തോടെ നിന്ന രത്തന്‍ ടാറ്റ ; ജീവനക്കാരെ ചേര്‍ത്തു പിടിച്ചു... ഒടുവില്‍ മനുഷ്യസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി
ഇന്ത്യയിലെ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ മുംബൈയിലെ താജ് ഹോട്ടലിനേക്കുറിച്ചും 2008ല്‍ അവിടെ ഉണ്ടായ തീവ്രവാദ ആക്രമണത്തെക്കുറിച്ചും ഓര്‍മ്മിക്കാതെ പോവാനാവില്ല. ഉലയാതെ നിന്ന കരുത്തും ഒപ്പം മനുഷ്യനുകമ്പയുടെയും സഹജീവി സ്‌നേഹത്തിന്റെയും മുഖവുമായിരുന്നു താജ് ആക്രമണത്തില്‍ രത്തന്‍ ടാറ്റയില്‍ രാജ്യം കണ്ടത്.

ആഡംബരത്തിന്റെയും ചരിത്രത്തിന്റെയും സമന്വയമായി അറബിക്കടലിന് മുന്നില്‍ മുംബൈയെ പ്രതിനിധീകരിക്കുന്ന താജ്മഹല്‍ പാലസ് ഹോട്ടല്‍... ഹോട്ടല്‍ നിര്‍മ്മിച്ചത് രത്തന്‍ ടാറ്റയുടെ മുത്തച്ഛന്‍ ജംസെറ്റ്ജി ടാറ്റയാണ്. 2008 നവംബര്‍ 26 ആയിരുന്നു രത്തന്‍ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആ കറുത്ത ദിനം. താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ്- ട്രൈഡന്റ് ഹോട്ടല്‍, ചബാദ് ഹൗസ്, ലിയോപോള്‍ഡ് കഫേ, ഛത്രപതി ശിവാജി ടെര്‍മിനസ് എന്നീ അഞ്ചിടങ്ങളില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്.

താജ് ഹോട്ടലിന്റെ ഉള്ളിലേക്ക് ഇരച്ചെത്തിയ തോക്കുധാരികള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. എന്നാല്‍ ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ മുറുകെപിടിച്ച ഹോട്ടലിലെ ജീവനക്കാര്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. അവര്‍ സ്വന്തം ജീവന്‍ കളഞ്ഞുപോലും അതിഥികളെ സുരക്ഷിതരാക്കാന്‍ തുടങ്ങി. അതിഥികളെ മേശയ്ക്കടിയില്‍ ഒളിപ്പിക്കുകയും ഭീകരരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിന് പുറത്തേത്തിക്കുകയും ചെയ്തു.

നവംബര്‍ 26 മുതല്‍ 29 വരെ നീണ്ട 60 മണിക്കൂര്‍ ഉപരോധത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താജിന് ഉണ്ടായ നഷ്ട്ടം 400 കോടിയിലധികവും. സംഭവങ്ങള്‍ നടക്കുമ്പോള്‍ 70 വയസായിരുന്നു ടാറ്റ, ആ സമയം തന്റെ സുഖങ്ങളെല്ലാം വിട്ടെറിഞ്ഞ് ഹോട്ടലിലേക്ക് ഓടിയെത്തി. കത്തിയെരിയുന്ന ഹോട്ടലിന്റെ കൊളാബ എന്‍ഡില്‍ നിന്ന് എന്‍എസ്ജിയുടെയും പോലീസിന്റെയും രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചു. ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയിലും ഗ്രനേഡ് ആക്രമണങ്ങള്‍ക്കു നടുവിലും മൂന്ന് ദിനങ്ങള്‍ കഴിച്ചുകൂട്ടിയ തന്റെ ജീവനക്കാര്‍ക്കും അന്ന് കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് മുന്നിലും പിന്നീട് ടാറ്റ ദൈവമാവുകയായിരുന്നു. അവരുടെയെല്ലാം പിന്നീടുള്ള ജീവിതത്തിന്റെ നെടുംതൂണ്‍ രത്തന്‍ ടാറ്റയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിച്ച അദ്ദേഹം, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍, താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 36 ലക്ഷം മുതല്‍ 85 ലക്ഷം രൂപ വരെ ധനസഹായം നല്‍കി. അവരുടെ പ്രിയപ്പെട്ടവരുടെ വിരമിക്കുന്ന തീയതി വരെ ആ കുടുംബങ്ങള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി, അവരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പാക്കി, കുടുംബാംഗങ്ങള്‍ക്കു ജീവിതാവസാനം വരെ വൈദ്യസഹായം ഉറപ്പാക്കി....

മുബൈ ആക്രമണത്തിന്റെ 12-ാം വാര്‍ഷികത്തില്‍ 2020ലെഴുതിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ 'ഒരിക്കലും മറക്കാനാകാത്ത നാശമെന്നായിരുന്നു താജ് ആക്രമണത്തെ രത്തന്‍ ടാറ്റ വിശേഷിപ്പിച്ചത്. ''നമുക്ക് നഷ്ടമായവരുടെ വിയോഗത്തില്‍ വിലപിക്കാം, ശത്രുക്കളെ കീഴടക്കിയ ധീരന്മാരെ ആദരിക്കാം. നമ്മള്‍ ഓര്‍ക്കേണ്ടത് ഐക്യവും ദയവും നിറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. അത് വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കാം,'' രത്തന്‍ ടാറ്റ കുറിച്ചു.

Other News in this category



4malayalees Recommends