വംശീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ഇത്ര പരിഗണന കിട്ടുമോ ? കുറച്ചുകാലങ്ങല്‍ക്ക് മുമ്പുണ്ടായ കലാപത്തില്‍ ജയിലിലായവര്‍ക്ക് നല്‍കുന്ന സഹായം കേട്ടാല്‍ ഇങ്ങനെ ചിന്തിച്ചുപോകും. തീവ്ര വലതുപക്ഷക്കാര്‍ ജയിലിലായവര്‍ക്കായി സഹായവുമായി രംഗത്തുവന്നിരിക്കുകയാണ്.
ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ വേണ്ട നിയമസഹായത്തിനുള്ള പണം കണ്ടെത്താന്‍ പിരിവ് തുടങ്ങി. ഒപ്പം ജയിലിലായവരുടെ കുടുംബത്തെ സഹായിക്കാനും പണം കണ്ടെത്തുകയാണ്. കലാപത്തില്‍ പങ്കെടുത്തവരെ രാഷ്ട്രീയ തടവുകാരെന്നാണ് വിശദീകരണം. രാഷ്ട്രീയ തടവുകാരുടെ കുടുംബങ്ങള്‍ക്ക് സംഭാവനകള്‍ എന്ന പേരില്‍ വലതുപക്ഷ ഗ്രൂപ്പ് 14000 പൗണ്ട് സമാഹരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതായാലും കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് കിട്ടുന്ന പരിഗണന ആശങ്കപ്പെടുത്തുന്നതാണ്. പാട്രിയോടിക് ആള്‍ടര്‍നേറ്റീവ് എന്ന സംഘടനയുടെ നേതാവ് ജയിലിലായ യുവാവിനെ കാണാന്‍ ഹള്‍ ജയിലില്‍ വന്നതായി യുവാവിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. തടവുകാര്‍ക്ക് കത്തെഴുതാനും ആഹ്വാനമുണ്ടത്രെ.
ഇസ്ലാമിക് തീവ്രവാദികള്‍ ജയിലിലുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ വലതുപക്ഷ തീവ്രവാദികളും ഇതിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാം മെലിയയുടെ പിന്നാലെയാണ് പാട്രിയോടിക് ആള്‍ടര്‍നേറ്റീവ് എന്ന സംഘടന.
2019നും 2021നും ഇടയിലുള്ള കാലയളവില്‍ വംശീയ വിദ്വേഷം പരത്തി എന്നതിനാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇയാള്‍ ജയിലില്‍ വെച്ച്, ലഹളയില്‍ പങ്കെടുത്ത് 26 മാസത്തെ ശിക്ഷ ലഭിച്ച ഒരു കൗമാരക്കാരനുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജയിലില്‍ തീവ്ര വലതുപക്ഷ ചിന്താഗതികള്‍ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ ശ്രമം നടക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.