കുടിയേറ്റത്തെ എല്ലാ വിധത്തിലും കുറ്റപ്പെടുത്തുന്ന നിലയിലാണ് ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍. എന്നാല്‍ ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആവശ്യത്തിന് തദ്ദേശീയ ജീവനക്കാരെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചിരുന്ന കെയര്‍ മേഖലയാണ് ഇമിഗ്രേഷന്‍ ജീവനക്കാരുടെ സഹായത്താല്‍ ആശ്വാസം കണ്ടെത്തുന്നത്.
ഇംഗ്ലണ്ടിലെ കെയര്‍ ജീവനക്കാരില്‍ അഞ്ചിലൊന്ന് പേരും ഇപ്പോള്‍ പുരുഷന്‍മാരാണ്. ഇത് ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ്. സോഷ്യല്‍ കെയര്‍ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധി കുറയ്ക്കാന്‍ ഇമിഗ്രേഷന്‍ സഹായിച്ചെന്നും പുതിയ കണക്കുകള്‍ പറയുന്നു.
കെയര്‍ ജോലി പരമ്പരാഗതമായി വനിതകള്‍ കൈകാര്യം ചെയ്യുന്ന മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ 21 ശതമാനം ജോലിക്കാരും പുരുഷന്‍മാരാണ്. ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ആദ്യമാണ് 20 ശതമാനം കടന്ന് പുരുഷ ജീവനക്കാരുടെ എണ്ണം വരുന്നത്.
കെയര്‍ മേഖലയ്ക്കായി ജോലിക്കാരെ കണ്ടെത്താന്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് കുടിയേറ്റക്കാര്‍ ഈ ഗുണപരമായ മാറ്റം സമ്മാനിച്ചത്. ചില മേഖലകളില്‍ 2021-22 കാലത്ത് കെയര്‍ വര്‍ക്ക് വേക്കന്‍സി റേറ്റ് 10.6 ശതമാനം വരെ ഉയര്‍ന്നത് 8.3 ശതമാനമായി താഴ്ന്നിട്ടുണ്ടെന്ന് സ്‌കില്‍സ് ഫോര്‍ കെയര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 185,000 വിദേശ റിക്രൂട്ട്‌മെന്റുകളണ് ഈ മേഖലയില്‍ നടന്നത്. ഇന്ത്യ, നൈജീരിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നാണ് അധികം പേരും എത്തിയത്. മണിക്കൂറിന് 11.58 പൗണ്ടാണ് കെയര്‍ വര്‍ക്കറുടെ ശരാശരി വരുമാനം. ദേശീയ മിനിമം വേജിനേക്കാള്‍ 14 പെന്‍സ് മാത്രം അധികം. മക്‌ഡൊണാള്‍ഡ് ജോലിക്കാരേക്കാള്‍ ഇത് കുറവാണെന്നതും ശ്രദ്ധേയമാണ്.