സ്വത്തിനെച്ചൊല്ലി ഭക്ഷണം പോലും നല്‍കാതെ പീഡനം ; മക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വൃദ്ധദമ്പതികള്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി മരിച്ചു

സ്വത്തിനെച്ചൊല്ലി ഭക്ഷണം പോലും നല്‍കാതെ പീഡനം ; മക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വൃദ്ധദമ്പതികള്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി മരിച്ചു
മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നഗ്വാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹസാരിറാം ബിഷ്ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വത്തിനെച്ചൊല്ലി മക്കള്‍ ഭക്ഷണം പോലും നല്‍കാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

നഗ്വാറിലെ കര്‍ണി കോളനിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍. മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മരുമക്കളായ രോഷ്നിയും അനിതയും കൊച്ചുമകന്‍ പ്രണവും ഉപദ്രവിച്ചിരുന്നു. സ്വത്ത് മക്കളുടെ പേരില്‍ എഴുതി നല്‍കണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും നല്‍കാതെയായിരുന്നു പീഡനം. പാത്രമെടുത്ത് ഭീക്ഷയാചിക്കാനാണ് മകന്‍ സുനില്‍ പറഞ്ഞത്. ഭക്ഷണം നല്‍കില്ലെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നു. ഉറങ്ങുമ്പോള്‍ മക്കള്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ഇവര്‍ കത്തില്‍ പറയുന്നു.

രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടില്‍ എത്തി പരിശോധിക്കുമ്പോള്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends