ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിജെപി ആം ആദ്മി പോര് മുറുകുന്നു. ഔദ്യോഗിക വസതി ലഭിച്ചില്ലെങ്കില്‍ റോഡിലിരുന്ന് ജോലി ചെയ്യുമെന്ന് മുഖ്യമന്ത്രി അതിഷി പ്രതികരിച്ചു. പായ്ക്ക് ചെയ്ത കാര്‍ട്ടൂണ്‍ ബോക്‌സുകള്‍ക്ക് നടുവിലിരുന്ന് ഫയലുകള്‍ നോക്കുന്ന അതിഷിയുടെ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.
'വലിയ ബംഗ്ലാവുകളില്‍ ജീവിക്കാനല്ല ഞങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത്. വേണമെങ്കില്‍, ഞങ്ങള്‍ സര്‍ക്കാരിനെ റോഡിലിരുന്നു നയിക്കും, ഞങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്' എന്നാണ് അതിഷി പ്രതികരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാള്‍ താമസിച്ചിരുന്ന വസതിയിലേക്ക് അതിഷി വീട്ടുസാധനങ്ങള്‍ മാറ്റിയതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടം സീല്‍ ചെയ്തിരുന്നു.
പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി നല്‍കാതിരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും നടത്തിയ നീക്കമാണ് ഇതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. മുഖ്യമന്ത്രിയായിരിക്കെ 2015 മുതല്‍ സിവില്‍ ലൈന്‍സിലെ ഫ്‌ലാഗ് സ്റ്റാഫ് റോഡിലുള്ള ആറാംനമ്പര്‍ വീടായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി. ഈ വസതിയില്‍ താമസമാക്കാനാണ് പുതിയ മുഖ്യമന്ത്രി അതിഷി വീട്ടുസാധനങ്ങള്‍ മാറ്റിയത്. അതിഷി താമസം തുടങ്ങുമെന്ന് ഉറപ്പായതോടെ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ മാറ്റി വീട് സീല്‍ ചെയ്യുകയായിരുന്നു..
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വസതിയില്‍ ഔദ്യോഗിക ഉത്തരവാകുന്നതിന് മുന്‍പേ താമസിക്കാന്‍ നടത്തിയ നീക്കത്തിന് തടയിട്ടു എന്നാണ് പിഡബ്ല്യൂഡി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എഎപി ആരോപിക്കുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്ല. പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വീട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കണമെന്നാണ് രീതി. കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 50 കോടിയോളം രൂപ ചെലവിട്ട് പുനര്‍നിര്‍മിച്ച വീടാണ് സിവില്‍ ലൈന്‍സിലേത്. പുനര്‍നിര്‍മാണത്തില്‍ ബിജെപി അഴിമതിയാരോപിച്ചതോടെ വിജിലന്‍സ് അന്വേഷണവും നടത്തുന്നുണ്ട്.