പല്ലുവേദന വന്നാലും സഹിച്ചു നില്‍ക്കേണ്ട അവസ്ഥ. ചിലപ്പോള്‍ ദിവസങ്ങളോളം ഡോക്ടറെ കാണാതെ കാര്യങ്ങള്‍ വഷളാവുകയും ചെയ്യും. യുകെയില്‍ ഡെന്റിസ്റ്റിനെ കണ്ടുകിട്ടാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്നതാണ് ഈ ചിത്രം . എന്‍എച്ച്എസ് ഡെന്റിസ്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വെളുപ്പിന് 2.30ന് ക്യൂ നില്‍ക്കുന്ന രോഗികള്‍. അതും നൂറോളം പേര്‍.
പലപ്പോഴും അപ്പോയ്ന്റ്‌മെന്റ് കിട്ടാതെ രോഗികള്‍ നിരാശയോടെ മടങ്ങുകയാണ് പതിവെന്ന് ബ്രിട്ടിഷ് ഡെന്റല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.
ചെഷയറിലെ വാറിങ്ടണിലെ ക്യൂവിന്റെ ചിത്രമാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമിച്ചവരില്‍ 96.9 ശതമാനം പേര്‍ക്കും ഇതിനു സാധിച്ചില്ലെന്നും കണക്കുകള്‍ പറയുന്നു. അത്യാവശ്യ ഘട്ടമായതിനാല്‍ 11 ശതമാനം സ്വകാര്യ ചികിത്സ തേടി.1.6 ശതമാനം എമര്‍ജന്‍സിയില്‍ എത്തി കണ്ടു. 1.1 ശതമാനം ജിപിയുടെ സേവനം തേടി. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം 78.5 ശതമാനം പേരും ആരേയും കാണാന്‍ ശ്രമിച്ചില്ലെന്നതാണ്. രോഗാവസ്ഥയില്‍ തന്നെ തുടരുകയാണ്.
പല്ലിന്റെ പ്രശ്‌നങ്ങള്‍ ആദ്യമേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇരട്ടി ബുദ്ധിമുട്ടാണെന്നും ബിഡിഎ വ്യക്തമാക്കുന്നു.
അവശ്യ സര്‍വ്വീസായി കണക്കാക്കേണ്ട ദന്തരോഗ ചികിത്സയിലും എന്‍എച്ച്എസിനെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. നീണ്ട കാത്തിരിപ്പുകള്‍ രോഗികളെ വലയ്ക്കുകയാണ്.