മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സിദ്ദിഖിക്ക് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലാണ് മൂന്ന് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്.
സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളും സ്ഥലത്ത് നിന്നും ലഭിച്ചു. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടുക്കുന്ന സംഭവം.