ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന

ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന
ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇറാന്‍ സര്‍ക്കാരിന്റെ നീതിന്യായ സംവിധാനം, നിയമസഭ, ഭരണനിര്‍വഹണ സമിതി എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓഫീസ് ശാഖകളും ആക്രമണത്തിന് ഇരയായതായും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നും ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍സ്‌പേസിന്റെ മുന്‍ സെക്രട്ടറി ഫിറൂസാബാദി വ്യക്തമാക്കി.

ഇസ്രയേലാണോ ആക്രമണത്തിനു പിന്നില്‍ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍, ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബയ്റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ലബനനില്‍ കര വഴിയുള്ള ആക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു.

ലബനനിലേക്ക് വ്യാപകമായ കടന്നാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രയേലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 80,000 സൈനികരാണ് കടന്നാക്രമണത്തിന് തയ്യാറാകുന്നത്. തെക്കന്‍ ലബനനിലെ നഖോറയിലെ യു എന്‍ സമാധാന സേനാ കേന്ദ്രം കടക്കാതെ ഇസ്രയേലിലേക്ക് പൂര്‍ണ ആക്രമണം സാധ്യമല്ല. വ്യാഴാഴ്ചയും ഇവിടേക്ക് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

Other News in this category



4malayalees Recommends