തൊഴിലാളികള്‍ക്കായുള്ള ബില്ല്... എംപ്ലോയ്‌മെന്റ് റൈറ്റ് ബില്ല് എല്ലാ മേഖലകളിലേയും പോലെ ആരോഗ്യമേഖലയിലും ഗുണം ചെയ്യും. നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തന്നെ ബില്ല് പാസായാല്‍ ഇത് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്.
നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും ബില്ല്. സിക്ക് പേ ലഭിക്കാന്‍ മൂന്നു ദിവസത്തെ കാത്തിരിപ്പ് ഇനി വേണ്ടിവരില്ല, ആഴ്ചയില്‍ മിനിമം വേതനമെന്ന വ്യവസ്ഥയും ഇനിയില്ല. 26 ആഴ്ച ജോലി ചെയ്താല്‍ മാത്രം പാരന്റല്‍, പാറ്റേണിറ്റി ലീവെന്ന വ്യവസ്ഥയും ഇല്ലാതാക്കും.
സിക്ക് വെയ്റ്റിങ് പിരീഡിലെ മാറ്റം നഴ്‌സുമാര്‍ക്കുള്‍പ്പെടെ ആശ്വാസമാകും.സീറോ അവര്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് ഇനി ഒരു നിശ്ചിത മണിക്കൂറുകളിലെ ജോലി ഉറപ്പുവരുത്തണം. ഷിഫ്റ്റുകള്‍ മാറുമ്പോള്‍ പേയ്‌മെന്റില്‍ വരുന്ന മാറ്റങ്ങള്‍ക്കും കരാര്‍ കാന്‍സല്‍ ചെയ്യുന്നതിനുമൊക്കെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിവരും. സീറോ അവര്‍ കരാറില്‍ ഏര്‍പ്പെട്ട നഴ്‌സുമാര്‍ക്കും സംരക്ഷണം ലഭിക്കുന്ന രീതിയിലുള്ളതാണ് കരാര്‍.
അനുയോജ്യമായ ജോലി സമയം തെരഞ്ഞെടുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അഥവാ ഷിഫ്റ്റിന് അപേക്ഷിച്ചിട്ട് നല്‍കിയില്ലെങ്കില്‍ അതിനുള്ള കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതിനാല്‍ തന്നെ നഴ്‌സുമാര്‍ക്ക് അനുയോജ്യ ജോലി സമയം ലഭിച്ചേക്കും.
ജോലി സ്ഥലത്തെ പീഡനത്തിന് ഇരയാകുന്ന സംഭവങ്ങളും ഏറെയാണ്. ഇതിനും പരിഹാരമുണ്ട്. പുതിയ നിയമം അനുസരിച്ച് തൊഴിലുടമ ഉടന്‍ നടപടികള്‍ പരാതി ലഭിച്ചാലുടന്‍ സ്വീകരിക്കണം.
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും തൊഴിലുടമയ്ക്ക് പരിധികള്‍ നല്‍കുന്നുണ്ട്. ന്യായമായ വേതനം ഉറപ്പാക്കല്‍, സുരക്ഷിതമായി ജോലി ചെയ്യല്‍ എല്ലാം സാധ്യമാക്കുന്ന രീതിയിലാണ് കരാര്‍. സമരത്തിന് ഇറങ്ങിയാലും ജോലി നഷ്ടമാകില്ല. സമരം ചെയ്യാനുള്ളത് അവകാശമായി കമക്കാക്കും. മാത്രമല്ല വോട്ടിങില്‍ പങ്കെടുത്ത ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച് സമരം ചെയ്യാം. മുമ്പ് അംഗങ്ങളുടെ 50 ശതമാനം വോട്ട് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. ജോലിയ്ക്ക് സുരക്ഷിതത്വം നല്‍കുന്നതാണ് പുതിയ ബില്ല്.