ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം വഷളാകുന്നു ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം വഷളാകുന്നു ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു
ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിലവിലെ കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് അവരെ തിരിച്ചുവിളിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു. കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ 20ന് മുമ്പ് രാജ്യം വിടാനാണ് നിര്‍ദേശം.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നീക്കം. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കി. ഇക്കാരണത്താല്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. തെളിവുകളില്ലാതെ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം മണ്ണില്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ തടയാന്‍ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാനാണ് ഇത്തരം അംസംബന്ധങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ഈ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


ഇന്ത്യയും കാനഡയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവവികാസങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും വിവരിച്ചു. കാനഡയുടെ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രം?ഗത്തെത്തി. ആരോപണങ്ങള്‍ വളരെ വലുതും, ഗൗരവമായി എടുക്കേണ്ടതുമാണെന്ന് പിയെര്‍ പോളിയേവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണം. 9 വര്‍ഷമായി ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും പിയെര്‍ പോളിയേവ് കുറ്റപ്പെടുത്തി.



Other News in this category



4malayalees Recommends